തിരുവല്ല: കുന്നന്താനം ഇൻഡസ്ട്രിയൽ നഗറിലെ റബർ ഫാക്ടറിയിൽ വൻ തീപിടിത്തം. കുന്നന്താനം വ്യവസായ നഗരത്തിൽ പ്രവർത്തിക്കുന്ന ‘ജി കെ റബേഴ്സ്’ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.
വിവരമറിഞ്ഞ് തിരുവല്ലയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തീ അണച്ചു. ഫാക്ടറിയിലെ തെർമൽ ഫ്ലൂയിഡിൽ നിന്നാണ് തീ പിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ റബർ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിന് തൊട്ടടുത്തായിരുന്നു തീപിടിത്തം.
അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെത്തുടർന്ന് ഗോഡൗണിലോ സമീപത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങളിലോ തീ പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.